![Share Malayalam ODB 2020-09-25 Share Malayalam ODB 2020-09-25](https://d1prnwdd2vuwj5.cloudfront.net/wp-content/uploads/sites/120/2020/08/30081138/Malayalam_share_odb_2020-09-25.jpg)
സ്നേഹ താഴുകള്‍
പാരീസിലെ പോണ്ട് ഡെസ് ആര്‍ട്സ് പാലത്തിന്റെ ലഭ്യമായ എല്ലാ ഭാഗങ്ങളിലും ഘടിപ്പിച്ചിട്ടുള്ള ലക്ഷക്കണക്കിന് താഴുകള്‍ ഞാന്‍ ആശ്ചര്യത്തോടെ നോക്കിനിന്നു, പലതിലും പ്രണയിനികളുടെ ഇനീഷ്യലുകള്‍ കൊത്തിവച്ചിട്ടുണ്ട് . സെയ്ന് നദിക്ക് കുറുകെയുള്ള കാല്‍നട പാലം ദമ്പതികളുടെ ''എന്നെന്നേക്കുമുള്ള'' പ്രതിബദ്ധതയായ ഈ പ്രണയ പ്രതീകങ്ങളാല്‍ മുങ്ങിപ്പോയിരിക്കുന്നു. 2014 ല്‍, ഈ സ്നേഹതാഴുകളുടെ ഭാരം അമ്പത് ടണ്‍ ആണെന്ന് കണക്കാക്കിയിരുന്നു, മാത്രമല്ല പാലത്തിന്റെ ഒരു ഭാഗം തകരാന്‍ അവ കാരണമാവുകയും ചെയ്തു, തന്മൂലം താഴുകള്‍ നീക്കംചെയ്യേണ്ടിവന്നു.
ഇത്തരത്തിലുള്ള നിരവധി സ്നേഹ താഴുകളുടെ സാന്നിധ്യം, മനുഷ്യരെന്ന നിലയില്‍ സ്നേഹം സുരക്ഷിതമാണെന്ന് ഉറപ്പുലഭിക്കുന്നതിന് നമുക്കുള്ള ആഴമായ ആഗ്രഹത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. രണ്ട് സ്നഹഭാജനങ്ങള് തമ്മിലുള്ള സംഭാഷണം ചിത്രീകരിക്കുന്ന പഴയനിയമ ഗ്രന്ഥമായ ഉത്തമഗീതത്തില്, സുരക്ഷിതമായ സ്നേഹത്തിനുള്ള ആഗ്രഹം സ്ത്രീ പ്രകടിപ്പിക്കുന്നു. 'എന്നെ ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്മേലും ഒരു മുദ്രമോതിരമായി നിന്റെ ഭുജത്തിന്മേലും വച്ചുകൊള്ളണമേ'' എന്ന് അവള് പറയുന്നു (ഉത്തമഗീതം 8:6). അവന്റെ ഹൃദയത്തില്‍ പതിച്ച മുദ്രയോ വിരലില്‍ ഇട്ട മോതിരമോ പോലെ അവന്റെ സ്നേഹത്തില്‍ താന്‍ സുരക്ഷിതയും സംരക്ഷിതയുമായിരിക്കണം എന്നാണ് അവളുടെ ആഗ്രഹം.
ഉത്തമഗീതത്തില് പ്രകടമാകുന്ന തീവ്രമായ സ്നേഹത്തിനായുള്ള വാഞ്ഛ എഫെസ്യലേഖനത്തില്‍ കാണുന്ന പുതിയ നിയമ സത്യത്തിലേക്ക് നമ്മെ വിരല്‍ചൂണ്ടുന്നു - ദൈവാത്മാവിന്റെ ''മുദ്ര'' യിലൂടെ നാം മുദ്രയിടപ്പെട്ടിരിക്കുന്നു (1:13). മനുഷ്യസ്നേഹം ചാഞ്ചല്യമുള്ളതും താഴുകള്‍ ഒരു പാലത്തില്‍ നിന്ന് നീക്കംചെയ്യാന്‍ കഴിയുന്നതും ആയിരിക്കുമ്പോള്‍, നമ്മില്‍ വസിക്കുന്ന ക്രിസ്തുവിന്റെ ആത്മാവ്, തന്റെ ഓരോ പൈതലിനോടും ദൈവത്തിനുള്ള ഒരിക്കലും തീരാത്ത, പ്രതിബദ്ധതയുള്ള സ്നേഹം പ്രകടമാക്കുന്ന ഒരു സ്ഥിരമായ മുദ്രയാണ്.
![Share Malayalam ODB 2020-09-24 Share Malayalam ODB 2020-09-24](https://d1prnwdd2vuwj5.cloudfront.net/wp-content/uploads/sites/120/2020/08/30081133/Malayalam_share_odb_2020-09-24.jpg)
ഒരിക്കലും ക്ഷമിക്കാനാവാത്തത്ര പാപിയല്ല
''ഞാന്‍ ഒരു ബൈബിള്‍ തൊട്ടാല്‍ എന്റെ കയ്യില്‍ തീ പിടിക്കും,'' എന്റെ കോളേജ് ഇംഗ്ലീഷ് പ്രൊഫസര്‍ പറഞ്ഞു. എന്റെ ഹൃദയത്തില്‍ നിരാശ നിറഞ്ഞു. അന്ന് രാവിലെ ഞങ്ങള്‍ വായിക്കേണ്ടിയിരുന്ന നോവലില്‍ ഒരു ബൈബിള്‍ വാക്യത്തെ പരാമര്‍ശിച്ചിരുന്നു. അത് നോക്കാന്‍ ഞാന്‍ എന്റെ ബൈബിള്‍ പുറത്തെടുത്തപ്പോഴാണ് അവള് ശ്രദ്ധിക്കുകയും ഈ അഭിപ്രായം പറയുകയും ചെയ്തത്. ക്ഷമിക്കാനാവാത്തവിധം താന്‍ പാപിയാണെന്ന് എന്റെ പ്രൊഫസര്‍ കരുതിയിരുന്നു. എന്നിട്ടും ദൈവസ്നേഹത്തെക്കുറിച്ച് - മാത്രമല്ല, നമുക്ക് എപ്പോഴും ദൈവത്തിന്റെ പാപമോചനം തേടാമെന്ന് ബൈബിള്‍ പറയുന്നു എന്നും - അവളോട് പറയാന്‍ എനിക്ക് ധൈര്യമുണ്ടായില്ല.
നെഹെമ്യാവിന്റെ പുസ്തകത്തില്‍ മാനസാന്തരത്തിന്റെയും ക്ഷമയുടെയും ഉദാഹരണങ്ങളുണ്ട്. പാപം നിമിത്തം യിസ്രായേല്യര്‍ പ്രവാസത്തിലേക്കു പോകേണ്ടിവന്നു. എന്നാല്‍ ഇപ്പോള്‍ അവരെ യെരൂശലേമിലേക്കു മടങ്ങാന്‍ അനുവദിച്ചു. അവര്‍ ''സ്ഥിരതാമസമാക്കിയപ്പോള്'' എഴുത്തുകാരന് എസ്രാ അവരെ ന്യാപ്രമാണം വായിച്ചു കേള്‍പ്പിച്ചു (നെഹെമ്യാവ് 7:73-8:3). അവര്‍ പാപം ചെയ്തിട്ടും ദൈവം ''അവരെ ഉപേക്ഷിക്കുകയോ,'' ''തള്ളിക്കളയുകയോ'' (9:17, 19) ചെയ്തില്ല എന്ന് അനുസ്മരിച്ചുകൊണ്ട് അവര്‍ തങ്ങളുടെ പാപങ്ങള്‍ ഏറ്റുപറഞ്ഞു. അവര്‍ നിലവിളിച്ചപ്പോള്‍ അവന് ''കേട്ടു,'' അനുകമ്പയോടും കരുണയോടുംകൂടെ അവന് അവരോട് ക്ഷമ കാണിച്ചു (വാ. 27-31).
സമാനമായ രീതിയില്‍, ദൈവം നമ്മോട് ക്ഷമ കാണിക്കുന്നു. നമ്മുടെ പാപം ഏറ്റുപറയുകയും അവങ്കലേക്ക് തിരിയുകയും ചെയ്താല്‍ അവന് നമ്മെ കൈവിടുകയില്ല. യേശു അവളെ സ്നേഹിക്കുന്നുവെന്നും അവള് അവന്റെ കുടുംബത്തിന്റെ ഭാഗമാകാന്‍ അവന് ആഗ്രഹിക്കുന്നുവെന്നും തിരിച്ചുപോയി എന്റെ പ്രോഫസറോടു പറയാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചു. നിങ്ങളെയും എന്നെയും കുറിച്ച് അവനും അങ്ങനെ തന്നെ തോന്നുന്നു. പാപമോചനം തേടി നമുക്ക് അവനെ സമീപിക്കാം - അവന് അതു നല്‍കും!
![Share Malayalam ODB 2020-09-23 Share Malayalam ODB 2020-09-23](https://d1prnwdd2vuwj5.cloudfront.net/wp-content/uploads/sites/120/2020/08/30081127/Malayalam_share_odb_2020-09-23.jpg)
ദൈവം വെട്ടിയ ഓര്‍മ്മയുടെ പാതകള്‍
എന്റെ മുതിര്‍ന്ന മകന് വിഷമകരമായ ഒരു സാഹചര്യം നേരിട്ടപ്പോള്‍, അവന്റെ പിതാവിനു തൊഴിലില്ലാതിരുന്ന കാലത്ത് ദൈവത്തിന്റെ നിരന്തരമായ പരിപാലനത്തെക്കുറിച്ചും കരുതലിനെക്കുറിച്ചും ഞാന്‍ അവനെ ഓര്‍മ്മപ്പെടുത്തി. എന്റെ അമ്മ രക്താര്‍ബുദത്തോടു പോരാടി പരാജയപ്പെട്ടപ്പോള്‍ ദൈവം ഞങ്ങളുടെ കുടുംബത്തെ ശക്തിപ്പെടുത്തുകയും സമാധാനം നല്‍കുകയും ചെയ്ത സമയങ്ങള്‍ ഞാന്‍ വിവരിച്ചു. തിരുവെഴുത്തുകളില്‍ ചേര്‍ത്തിരിക്കുന്ന ദൈവത്തിന്റെ വിശ്വസ്തതയുടെ കഥകള്‍ എടുത്തുകാണിച്ചുകൊണ്ട്, അവന്റെ വചനം നിവര്‍ത്തിക്കുന്നതില്‍ അവന് വിശ്വസ്തനാണെന്ന് ഞാന്‍ സ്ഥിരീകരിച്ചു. ഞങ്ങളുടെ ജീവിതത്തിന്റെ താഴ്വരകളിലും പര്‍വതങ്ങളിലും അവന് വിശ്വസ്തനായി നടത്തിയ വഴികളെക്കുറിച്ച് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഞാന്‍ എന്റെ മകനെ ഞങ്ങളുടെ കുടുംബത്തിനുവേണ്ടി ദൈവം വെട്ടിയ പാതയുടെ സ്മരണയിലൂടെ നയിച്ചു. നാം കഷ്ടത്തിലായാലും ആഘോഷത്തിലായാലും ദൈവസാന്നിധ്യവും, സ്നേഹവും കൃപയും മതിയായവയെന്ന് തെളിഞ്ഞിരിക്കുന്നു.
വിശ്വാസത്തെ ശക്തിപ്പെടുത്തുന്ന ഈ തന്ത്രം ഞാന്‍ സ്വന്തമായി മെനഞ്ഞതാണെന്ന് അവകാശപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും, ഭാവിതലമുറയ്ക്ക് തന്നിലുള്ള വിശ്വാസത്തെ പ്രചോദിപ്പിക്കുന്നതിനായി കഥകള്‍ പങ്കിടുന്ന ശീലം ദൈവം രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. പണ്ട് ദൈവം ചെയ്തതായി തങ്ങള്‍ കണ്ട കാര്യങ്ങളെല്ലാം യിസ്രായേല്യര്‍ ഓര്‍മ്മിക്കുന്നതിനായി, ദൈവത്താല്‍ നിര്‍മ്മിക്കപ്പെട്ട സ്മരണ പാതകളില്‍ അവന് ആത്മവിശ്വാസത്തിന്റെ ചതുരക്കല്ലുകള്‍ സ്ഥാപിച്ചു.
യിസ്രായേല്‍ ജനം ദൈവത്തെ അനുഗമിച്ചപ്പോള്‍ അവന് തന്റെ വാഗ്ദത്തങ്ങള്‍ പാലിക്കുന്നതിന് യിസ്രായേല്യര്‍ സാക്ഷ്യം വഹിച്ചു (ആവര്‍ത്തനം 4:3-6). അവന് എല്ലായ്പ്പോഴും അവരുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുകയും ഉത്തരം നല്‍കുകയും ചെയ്തു (വാ. 7). യുവതലമുറയോടൊത്ത് സന്തോഷിക്കുകയും അനുസ്മരിക്കുകയും ചെയ്യുമ്പോള്‍ (വാ. 9), ഏക സത്യദൈവം അവര്‍ക്കു നല്‍കുകയും സംരക്ഷിച്ചുവയ്ക്കുകയും ചെയ്ത ദൈവശ്വാസീയ വചനങ്ങളെ അവര്‍ പങ്കുവെച്ചു (വാ. 10).
നാം നമ്മുടെ മഹാ ദൈവത്തിന്റെ മഹിമ, കരുണ, ആര്‍ദ്ര സ്നേഹം എന്നിവയെക്കുറിച്ച് പറയുമ്പോള്‍, അവിടുത്തെ നിലനില്‍ക്കുന്ന വിശ്വാസ്യതയുടെ സ്ഥിരീകരണത്തിലൂടെ നമ്മുടെ ബോധ്യങ്ങളും മറ്റുള്ളവരുടെ വിശ്വാസവും നമുക്കു ശക്തിപ്പെടുത്താനാകും.
![Share Malayalam ODB 2020-09-22 Share Malayalam ODB 2020-09-22](https://d1prnwdd2vuwj5.cloudfront.net/wp-content/uploads/sites/120/2020/08/30081122/Malayalam_share_odb_2020-09-22.jpg)
ഒരു അപകടകരമായ വഴിതിരിച്ചുവിടല്‍
എന്തൊരു സമയനഷ്ടം ഹേമ വിചാരിച്ചു. അവര്‍ വീണ്ടും കണ്ടുമുട്ടണമെന്ന് അവളുടെ ഇന്‍ഷുറന്‍സ് ഏജന്റ് നിര്‍ബന്ധിക്കുകയായിരുന്നു. ഇത് വില്പനയ്ക്കുള്ള മറ്റൊരു വിരസമായ ചര്‍ച്ച ആയിരിക്കുമെന്ന് ഹേമയ്ക്ക് അറിയാമായിരുന്നു, എങ്കിലും തന്റെ വിശ്വാസത്തെക്കുറിച്ച് സംസാരിക്കാനുള്ള അവസരമെന്ന നിലയില്‍ അത് പരമാവധി പ്രയോജനപ്പെടുത്താന്‍ അവള് തീരുമാനിച്ചു.
ഏജന്റിന്റെ പുരികം പച്ചകുത്തിയതായി ശ്രദ്ധയില്‍പ്പെട്ട അവള് എന്തിനാണതെന്നു മടിച്ചുമടിച്ചു ചോദിച്ചു. അത് തന്റെ ഭാഗ്യം കൊണ്ടുവരുമെന്ന് തോന്നിയതിനാലാണ് എന്ന് ആ സ്ത്രീ മറുപടി നല്കി. ധനത്തെക്കുറിച്ചുള്ള ഒരു പതിവ് ചാറ്റില്‍ നിന്നുള്ള അപകടകരമായ ഒരു വഴിതിരിച്ചുവിടലായിരുന്നു ഹേമയുടെ ചോദ്യം. എങ്കിലും അത് ഭാഗ്യത്തെയും വിശ്വാസത്തെയും കുറിച്ചുള്ള സംഭാഷണത്തിലേക്കുള്ള വാതില്‍ തുറന്നു. എന്തുകൊണ്ടാണ് യേശുവില്‍ താന്‍ ആശ്രയിച്ചതെന്ന് സംസാരിക്കാന്‍ അതവള്‍ക്ക് അവസരം നല്കി. ആ ''പാഴായ'' മണിക്കൂര്‍ ഒരു ദൈവികമായ നിയമനമായി മാറി.
യേശു അപകടകരമായ വഴിതിരിച്ചുവിടല്‍ നടത്തി. യെഹൂദ്യയില്‍ നിന്ന് ഗലീലിയിലേക്കുള്ള യാത്രയ്ക്കിടെ, ഒരു ശമര്യക്കാരിയോട് സംസാരിക്കാനായി അവന് വഴി മാറി നടന്നു — ഒരു യഹൂദന് ചിന്തിക്കാന്‍ പോലും കഴിയാത്ത ഒന്നായിരുന്നു അത്. മറ്റ് ശമര്യക്കാര്‍ പോലും ഒഴിവാക്കിയ അഭിസാരികയായിരുന്നു അവള്. എന്നിട്ടും പലരുടേയും രക്ഷയിലേക്ക് നയിച്ച ഒരു സംഭാഷണത്തിലാണ് അവന്റെ യാത്ര ചെന്നെത്തിയത് (യോഹന്നാന് 4:1-26, 39-42).
നിങ്ങള്‍ ശരിക്കും കാണാന്‍ ആഗ്രഹിക്കാത്ത ഒരാളെ കണ്ടുമുട്ടുന്നുണ്ടോ? നിങ്ങള്‍ സാധാരണ ഒഴിവാക്കുന്ന ഒരു അയല്‍വാസിയുടെ മുമ്പില്‍ നിങ്ങള്‍ കൂടെക്കൂടെ ചെന്നുപെടുകയാണോ? സുവാര്‍ത്ത പങ്കുവെക്കാന്‍ ''സമയത്തിലും അസമയത്തിലും'' തയ്യാറായിരിക്കാന്‍ ബൈബിള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു (2 തിമൊഥെയൊസ് 4:2). 'അപകടകരമായ വഴിതിരിച്ചുവിടല്‍'' പരിഗണിക്കുക. ആര്‍ക്കറിയാം, ഇന്ന് ദൈവത്തെക്കുറിച്ച് ആരോടെങ്കിലും സംസാരിക്കാന്‍ ദൈവം നിങ്ങള്‍ക്ക് ഒരു ദിവ്യ അവസരം നല്കുന്നതായിരിക്കാം അത്!
![Share Malayalam ODB 2020-09-21 Share Malayalam ODB 2020-09-21](https://d1prnwdd2vuwj5.cloudfront.net/wp-content/uploads/sites/120/2020/08/30081118/Malayalam_share_odb_2020-09-21.jpg)
കുഴപ്പങ്ങളോട് സമാധാനമായിരിക്കുക
അത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഞങ്ങള്‍ മിക്കവാറും വീട്ടിലെത്തിയിരുന്നു: ഞങ്ങളുടെ കാറിന്റെ താപനില സൂചിപ്പിക്കുന്ന സൂചി കുത്തനെ മുകളിലേക്ക് ഉയര്‍ന്നിരുന്നു. ഞങ്ങള്‍ മുറ്റത്തെത്തിയപ്പോള്‍ ഞാന്‍ എഞ്ചിന് നിര്‍ത്തി പുറത്തേക്കു ചാടി. ബോണറ്റില്‍നിന്ന് പുക പുറത്തേക്ക് ഉയര്‍ന്നു. മുട്ട വറുക്കുന്നതുപോലെ എഞ്ചിന് വിറച്ചു. ഞാന്‍ കാര്‍ കുറച്ചു പുറകോട്ടു മാറ്റിയപ്പോള്‍ അവിടെ ഓയില്‍ വീണു കിടക്കുന്നതു കണ്ടു. എന്താണ് സംഭവിച്ചതെന്ന് തല്‍ക്ഷണം എനിക്കു മനസ്സിലായി: ഹെഡ് ഗ്യാസ്ക്കറ്റ് തെറിച്ചുപോയിരിക്കുന്നു.
ഞാന്‍ നെടുവീര്‍പ്പിട്ടു. മറ്റ് വിലയേറിയ അറ്റകുറ്റപ്പണികള്‍ക്ക് ഞങ്ങള്‍ പണം മുടക്കി. എന്തുകൊണ്ടാണ് കാര്യങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കാത്തത്? ഞാന്‍ കൈപ്പോടെ പിറുപിറുത്തു. എന്തുകൊണ്ടാണ് കാര്യങ്ങള്‍ കേടാകുന്നത് നിര്‍ത്താന്‍ കഴിയാത്തത്?
നിങ്ങള്‍ക്ക് സമാനമായ അനുഭവമുണ്ടോ? ചിലപ്പോള്‍ നാം ഒരു പ്രതിസന്ധി മറകടക്കുന്നു, ഒരു പ്രശ്നം പരിഹരിക്കുന്നു, ഒരു വലിയ ബില്‍ അടയ്ക്കുന്നു, മറ്റൊന്നിനെ നേരിടാന്‍ വേണ്ടി മാത്രം. ചിലപ്പോള്‍ ആ പ്രശ്നങ്ങള്‍ ഒരു എഞ്ചിന് സ്വയം കേടാകുന്നതിനേക്കാള്‍ വളരെ വലുതാണ് - അപ്രതീക്ഷിതമായ ഒരു രോഗനിര്‍ണയം, ഒരു അകാല മരണം, ഒരു ഭയാനകമായ നഷ്ടം.
ആ നിമിഷങ്ങളില്‍, തകര്‍ന്നതും കുഴപ്പമില്ലാത്തതുമായ ഒരു ലോകത്തിനായി നാം ആഗ്രഹിച്ചു പോകുന്നു. യേശു വാഗ്ദത്തം ചെയ്ത ആ ലോകം വരുന്നു. എന്നാല്‍ ഇതുവരെയും ആയിട്ടില്ല: ''ലോകത്തില്‍ നിങ്ങള്‍ക്കു കഷ്ടം ഉണ്ട്'' എന്ന് യോഹന്നാന് 16-ല്‍ യേശു തന്റെ ശിഷ്യന്മാരെ ഓര്‍മ്മിപ്പിച്ചു. ''എങ്കിലും ധൈര്യപ്പെടുവിന്‍; ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു'' (വാ. 33). വിശ്വാസത്തിനുവേണ്ടിയുള്ള പീഡനം പോലുള്ള ഗുരുതരമായ പ്രശ്നങ്ങളെക്കുറിച്ച് യേശു ആ അധ്യായത്തില്‍ സംസാരിച്ചു. എന്നാല്‍ അത്തരം പ്രശ്നങ്ങള്‍, തന്നില്‍ പ്രത്യാശിക്കുന്നവര്‍ക്കുള്ള അവസാന വാക്ക് അല്ലെന്ന് അവന് പഠിപ്പിച്ചു.
ചെറുതും വലുതുമായ പ്രശ്നങ്ങള്‍ നമ്മെ തൂക്കിനോക്കും. എന്നാല്‍ അവനോടൊപ്പമുള്ള ഒരു നല്ല നാളെയെക്കുറിച്ചുള്ള യേശുവിന്റെ വാഗ്ദത്തം, നമ്മുടെ കഷ്ടതകള്‍ ഇന്നത്തെ നമ്മുടെ ജീവിതത്തെ നിര്‍വചിക്കാന്‍ അനുവദിക്കാതിരിക്കാന്‍ നമ്മെ പ്രോത്സാഹിപ്പിക്കുന്നു.